കുടുംബജീവിതത്തില്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കുവാന്‍ ആശയവിനിമയത്തിനുള്ള സ്ഥാനം അതിപ്രധാനമാണ്. അത് സുഗമമായും സുനിശ്ചിതമായും നടക്കേണ്ടതുണ്ട്. കുട്ടികളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളുടെ ഗണത്തെ പലതായി തിരിക്കാം: 1. മൂന്നാം തലമുറക്കാര്‍: പ്രതാപികള്‍. ഇവര്‍ ആരെയും ശ്രവിക്കാന്‍ കൂട്ടാക്കാറില്ല. മാത്രമല്ല എപ്പോഴും ഭാര്യയ്ക്കും മക്കള്‍ക്കും കല്പനകള്‍ നല്‍കിക്കൊണ്ടേയിരിക്കും. പുരുഷമേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളാണ് ഈ തലമുറയിലെ പിതാക്കന്‍മാര്‍. 1960-70 കളിലെ രക്ഷിതാക്കള്‍ ഏറിയ പങ്കും ഇത്തരക്കാരായിരുന്നു. 2. രണ്ടാം തലമുറ: മൗനികള്‍. ഇവര്‍ സ്‌നേഹം പ്രകടിപ്പിക്കാറില്ല. സ്‌നേഹം പ്രകടിപ്പിക്കരുത് എന്ന വിശ്വാസം എങ്ങിനെയോ ഇവരുടെ ഉള്ളില്‍ ലഭിച്ചിട്ടുണ്ട്! അതുകൊണ്ട് അവര്‍ ആശയ വിനിമയത്തില്‍ വളരെ പുറകിലാണ്. എല്ലാം കുട്ടികള്‍ സ്വയം മനസ്സിലാക്കിയെടുക്കണം എന്ന ചിന്താഗതിയാണ് ഇവര്‍ക്കുള്ളത്. 3. ആധുനിക മാതാപിതാക്കള്‍: തിരക്കേറിയവര്‍. സ്‌നേഹിക്കണം എന്നറിയാമെങ്കിലും ജോലിത്തിരക്കുകള്‍ മൂലം മക്കള്‍ക്ക് അര്‍ഹതപ്പെട്ട സമയം നല്‍കാത്തവരാണ് ഇവരില്‍ അധികവും! കുട്ടികളാണ് മാതാപിതാക്കളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍! നമ്മുടെ യഥാര്‍ത്ഥ നിക്ഷേപവും നമ്മുടെ തലമുറയാണ്. ആരോഗ്യമുള്ള, ജീവിതമൂല്യങ്ങളില്‍ വിശ്വസിക്കുന്ന, അതിലുപരി ആത്മീയരായ ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് ദൈവം ഓരോ മാതാപിതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. അതിന് സ്‌നേഹത്തിന്റെ ക്രയ-വിക്രയങ്ങള്‍ ഭവനത്തില്‍ സുഗമമായി സംഭവിക്കേണ്ടതുണ്ട്! സ്‌നേഹം കൈമാറ്റം ചെയ്യപ്പെടേണ്ടത് കുറഞ്ഞത് അഞ്ച് രീതികളിലൂടെയാണ്. 1. ക്രിയാത്മക സംഭാഷണം. നാം കുട്ടികളെ സ്‌നേഹിക്കുന്നു എന്ന് അവര്‍ വേഗത്തില്‍ മനസ്സിലാക്കുന്നത് നമ്മുടെ നല്ല വാക്കുകളിലൂടെയാണ്. ഒന്നും സംസാരിക്കാത്തതിനേക്കാള്‍ അപകടകരമാണ് തെറ്റായ സംസാരം. പരിഹാസവും എപ്പോഴും വിമര്‍ശനവും ശ്രവിക്കുന്ന കുട്ടികള്‍ വളരുമ്പോള്‍ ഒറ്റയാന്‍മാരോ, അപകര്‍ഷതാബോധമുള്ളവരോ ആയിത്തിരുവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പോസിറ്റീവ് വാക്കുകള്‍ അവരെ ആത്മധൈര്യമുള്ളവരാക്കി മാറ്റും. 2. സമയം ചെലവിടുക. സ്‌നേഹത്തിന്റെ ഈ ഭാഷ അതിശക്തമാണ്. നാം കുട്ടികളുമായി അര്‍ത്ഥവത്തായ സമയം ചിലവിടുമ്പോള്‍ രക്ഷകര്‍ത്തൃത്വത്തിലെ അത്ഭുതങ്ങള്‍ക്ക് തുടക്കമിടുകയാണ്. ഏദന്‍ തോട്ടത്തിലെ സന്ധ്യകളില്‍ ദൈവപിതാവും ആദിമമക്കളും തമ്മില്‍ സ്‌നേഹം പങ്കുവച്ചിരുന്നു - പാപം കടന്നുവരുവോളം ! (ഉല്‍പ്പത്തി 3:8). നമ്മുടെ സന്ധ്യകള്‍ സീരിയലും മൊബൈലും അപഹരിക്കാതിരിക്കട്ടെ! നമ്മുടെ സമയം കുട്ടികള്‍ക്ക് നാം നല്‍കുന്ന ഔദാര്യമല്ല, അവരുടെ അവകാശമാണ് എന്ന് ഓരോ മാതാപിതാക്കളും ഓര്‍ത്തിരിക്കണം. 3. സ്പര്‍ശനം. കുട്ടികള്‍ക്ക് സ്പര്‍ശനം നല്‍കുന്ന സന്തോഷം ചെറുതല്ല. അതവരെ ആത്മവിശ്വാസമുള്ളവരാക്കിത്തീര്‍ക്കുന്നു. സന്തോഷവേളയില്‍ അഭിനന്ദനമായും സന്താപവേളയില്‍ തണലായും മാറുവാനുള്ള അത്ഭുത കഴിവാണ് സ്പര്‍ശനത്തിനുള്ളത്! ആഹാരം കഴിഞ്ഞാല്‍ സ്പര്‍ശനത്തിനുള്ള വിശപ്പാണ് (ആഗ്രഹം) കുട്ടികള്‍ക്ക് ഏറ്റവും കൂടുതലുള്ളത് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 4. സമ്മാനം. ഇതാണ് സ്‌നേഹത്തിന്റെ നാലാമത്തെ ഭാഷ. മക്കള്‍ക്ക് ഞങ്ങളെന്ത് സമ്മാനം നല്‍കുവാന്‍? എല്ലാം അവരുടേതല്ലേ?എന്ന ചോദ്യം മിക്ക മാതാപിതാക്കളും ചോദിക്കുന്ന ഒന്നാണ്. എന്നാല്‍ കുട്ടികളുടെ വിശേഷ ദിവസങ്ങളിലും നേട്ടങ്ങളിലും സമ്മാനങ്ങള്‍ നല്‍കിയാല്‍ സ്‌നേഹബന്ധം ഊഷ്മളമാക്കിത്തീര്‍ക്കാം! അവരുടെ സുഹൃത്തുക്കള്‍ക്കു കൂടി സമ്മാനം നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ നേടിക്കഴിഞ്ഞു! 5. പ്രവര്‍ത്തിയിലൂടെ സ്‌നേഹിക്കാം. Love is a verb before it is a noun എന്ന ചൊല്ല് ഏറെ അര്‍ത്ഥവത്താണ്. ഇംഗ്‌ളീഷ് ഭാഷയില്‍ സ്‌നേഹം പരമമായി ഒരു ക്രിയാപദമാണല്ലോ. കുട്ടികളുടെ പഠനത്തിലും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിലും അവരുടെ വസ്ത്രങ്ങള്‍ അടുക്കി വയ്ക്കുന്നതിലും നമുക്ക് അവരെ സുഹൃത്തുക്കളെപ്പോലെ സഹായിപ്പാന്‍ കഴിയണം. സ്‌നേഹത്തിന്റെ ഈ അഞ്ച് ഭാഷകളിലൂടെ നമുക്ക് കുട്ടികളെ സ്‌നേഹിക്കാം. അപ്പോള്‍ അവര്‍ കരുത്തരായി മാറുകയും ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ പ്രാപ്തരായിത്തീരുകയും ചെയ്യും.