പ്രാര്‍ത്ഥിക്കുമ്പോള്‍ ഒറ്റയ്‌ക്കായിരിക്കുന്നതാണ് ചില സന്ദര്‍ഭങ്ങളില്‍ ഏറെ നല്ലത്. ഞാനും എന്റെ തമ്പുരാനും മാത്രം. അപ്പോള്‍ മനോഹരമാക്കിയ ആശയങ്ങളോ അര്‍ത്ഥ സംപുഷ്ടമായ വാക്കുകളോ പരതി നടക്കേണ്ടല്ലോ. തമ്പുരാനോ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ പറയുന്നതൊന്നും ഘടകമവുമല്ല. ഓരോ ഭക്തനില്‍ നിന്നും നിലത്തേക്കു വീഴുന്ന വിയര്‍പ്പു തുള്ളിയുടെ നിറം ചുവപ്പും സ്വരം നിലവിളിയുമാണെന്നു അവിടുത്തേക്കറിയാം. അതു കാണുവാനും കേള്‍ക്കുവാനും കഴിയുന്നത് തമ്പുരാനു മാത്രവും. ചുറ്റും നില്‌ക്കുന്നവരുടെ ആശ്വാസവാക്കുകള്‍ക്കു ഉണക്കുവാന്‍ കഴിയാത്തത്ര മുറിവുകള്‍ നമുക്കുണ്ടെന്നറിയുന്ന തമ്പുരാന്‍ താഴ്‌ന്നിറങ്ങി വരും. നമ്മുടെയൊക്കെ ജീവിതത്തിന്റെ ഹോരേബിലേക്കു അവിടുന്നു ഉത്തരവുമായി ഇറങ്ങി വരും. അതും പാലും തേനും നിറഞ്ഞ ഉത്തരവുമായി തന്നെ. ചുറ്റും നില്‌ക്കുന്നവര്‍ നമുക്കു ഭ്രാന്താണെന്നു പറഞ്ഞോട്ടെ. എങ്കിലും നിലവിളിക്കു വിശ്രമം നല്‌കരുത്. വൃത്തിയും ഭംഗിയുമായി പ്രാര്‍ത്ഥിച്ചില്ലെങ്കിലും ആവശ്യങ്ങളും ആശയങ്ങളും മനോഹരമായി അവതരിപ്പിച്ചില്ലെങ്കിലും അവിടുന്നു വരും. കാരണം നാം നിലവിളിക്കുകയാണെന്നും നിലവിളിക്കുമ്പോള്‍ നാം ഒറ്റയ്‌ക്കാണെന്നും തമ്പുരാന്‍ അറിയുന്നു. ഒറ്റയ്‌ക്കു ഒരു നാളും അവിടുന്നു നമ്മെ വിട്ടുകളയില്ല. എന്റെ നിലവിളിയിലേക്കു താഴ്‌ന്നിറങ്ങി വരുന്നൊരു പൊന്നു തമ്പുരാന്‍ നമുക്കുണ്ട്. വേറെ ഇനി ആരു വേണം. നിലവിളിയെ മൂടി വയ്‌ക്കേണ്ട, ഒറ്റയ്‌ക്കിരുന്നു നിലവിളിച്ചോളൂ, ആരും വരില്ലെങ്കിലും തമ്പുരാന്‍ വരും നമ്മുടെ പൊന്നു തമ്പുരാന്‍ ഇറങ്ങി വരിക തന്നെ ചെയ്യും.