excelministries@gmail.com

: +91-9496325026, +91-9495834994

*വഴിവിളക്ക്- ഒന്നിക്കൂ...നന്നാവും*

*വഴിവിളക്ക്- ഒന്നിക്കൂ...നന്നാവും* ഒരുദിവസം എന്റെ കയ്യിലെ വിരലുകള്‍ തമ്മില്‍ വലിയ തര്‍ക്കത്തിലായി.തള്ളവിരല്‍ പറഞ്ഞു 'ഞാനാണ് ഏറ്റവും കരുത്തുള്ളത്,അതിനാല്‍ കയ്യിലെ ഏറ്റവും പ്രധാനപ്പെട്ടത് ഞാനാണ്. 'ഉടന്‍ ചൂണ്ടുവിരല്‍ പറഞ്ഞു. 'എന്തെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കണം എങ്കില്‍ ഈ ഞാന്‍ വേണം.' ഉടന്‍തന്നെ നടുവിരല്‍ ശബ്ദമുയര്‍ത്തി. 'നിര്‍ത്ത്...ഇക്കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നവനും എല്ലാവര്‍ക്കും നടുവില്‍ നില്‍ക്കുന്നതും ഞാനാണ്. അതിനാല്‍ ലീഡര്‍ ഞാനാണ്.' മോതിരവിരല്‍ ഉണ്ടോ വിട്ടുകൊടുക്കുന്നു. 'നമ്മുടെ കൂട്ടത്തില്‍ സമ്പന്നന്‍ ഞാനാണ്. ഏറ്റവും വിലപ്പെട്ടത് എന്നെ അണിയിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.അതിനാല്‍ ഞാനാണ് ഏറ്റവും മികച്ചത്.' ഇനി ചെറുവിരലിന്റെ ഊഴമാണ്. അവന്‍ പറഞ്ഞു 'എനിക്ക് ഒന്നിനും ഒരു കഴിവുമില്ലാത്തവന്‍ ആണ്.' എല്ലാവരുടെയും വാദഗതികള്‍ കേട്ട് ഞാന്‍ പറഞ്ഞു നിങ്ങള്‍ എല്ലാവരും തുല്യരാണ്. അത് തെളിയിക്കാന്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. വീട്ടുമുറ്റത്തേക്ക് ചാഞ്ഞു നിന്ന ഒരു മരക്കൊമ്പ് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ വിരലുകളോട് പറഞ്ഞു നിങ്ങള്‍ തുല്യരാണെന്ന് ഞാന്‍ തെളിയിക്കാന്‍ പോവുകയാണ്. ഞാന്‍ ആ മരക്കൊമ്പില്‍ ഒന്ന് ചാടിപ്പിടിക്കാന്‍ ശ്രമിക്കുകയാണ്. ഓരോ തവണ നിങ്ങള്‍ ഓരോരുത്തരായി മാറി നില്‍ക്കണം. ആദ്യം ചെറുവിരലിനെ മാറ്റിനിര്‍ത്തി മറ്റു നാലു വിരലുകള്‍ കൊണ്ട് ചാടിപ്പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അടുത്തത് മോതിരവിരലിനെ മാറ്റിനിര്‍ത്തി പരീക്ഷിച്ചു. അതും തഥൈവ. അടുത്തതായി നടുവിരലിനെ ഒഴിവാക്കി മറ്റ് നാലു വിരല്‍ കൊണ്ട് പരീക്ഷിച്ചു. പിടിമുറുകി ഇല്ല. ചൂണ്ടുവിരലിന്റെ കാര്യവും അങ്ങനെ തന്നെ. ഒടുവില്‍ തള്ള വിരല്‍ മാത്രം മാറ്റി നിര്‍ത്തി മറ്റു നാല് വിരലുകള്‍ ഉപയോഗിച്ച് ശ്രമിച്ചു. അതും കഴിഞ്ഞില്ല. വിരലുകള്‍ തങ്ങളുടെ തോല്‍വി സമ്മതിച്ചു. ഞാന്‍ പറഞ്ഞു ഇനി അഞ്ചു വിരലും ഒപ്പം നിര്‍ത്തി ഞാനൊന്ന് ശ്രമിക്കുകയാണ്. തുടര്‍ന്ന് ഞാന്‍ അഞ്ചു വിരലും ചേര്‍ത്ത് മരക്കൊമ്പില്‍ ചാടിപിടിച്ചു. ആ പിടുത്തം ഏറ്റവും ശക്തമായിരുന്നു.വിജയ ഭാവത്തില്‍ ഞാന്‍ ചിരിച്ചുകൊണ്ട് താഴേക്ക് ചാടി. ഉടന്‍ തന്നെ രണ്ടു കരങ്ങളും ചേര്‍ന്ന് വന്ന് കരഘോഷങ്ങള്‍ മുഴക്കി. ഉടനെ ഞാന്‍ പറഞ്ഞു. 'അതെ ഇങ്ങനെയാവണം നിങ്ങള്‍. നിങ്ങളില്‍ ആരാണ് വലിയവന്‍ എന്നുള്ള കാര്യമല്ല ചിന്തിക്കേണ്ടത്, മറിച്ച് ഒന്നിച്ചുനിന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക.' പ്രിയ സുഹൃത്തെ, അനുദിനജീവിതത്തില്‍ നമ്മുടെ ഉള്ളില്‍ എപ്പോഴും കടന്നുവരുന്ന ഒരു ചിന്തയല്ലേ ഇത്. മറ്റാരെക്കാളും മികച്ചത് ഞാന്‍ തന്നെയാണ് എന്ന് ചിന്തിച്ച് ഓരോരുത്തരും അവരവരുടെ സ്വാര്‍ത്ഥ ലോകത്തില്‍ രാജാക്കന്മാരായി വിരാജിക്കുകയാണ്. ചിലര്‍ തള്ളവിരലിനെ പ്പോലെ കരുത്തുള്ളവരാണ് എന്ന് ചിന്തിക്കുന്നുണ്ടാവാം. മറ്റുചിലര്‍ ചൂണ്ടുവിരലിനെപ്പോലെ മറ്റുള്ളവരെ വിധിക്കുന്നവര്‍ ആയിരിക്കാം. ചിലരാകട്ടെ നടുവിരലിനെപ്പോലെ തങ്ങളാണ് ഉയര്‍ന്നത് എന്ന് ചിന്തിക്കുന്നു. മോതിരവിരലിനെപ്പോലെ ഞങ്ങള്‍ ധനികരാണ്, ഞങ്ങള്‍ക്ക് ആരുടെയും സഹായം വേണ്ട എന്ന് ചിന്തിക്കുന്നവരും ഉണ്ടാവാം. ചെറുവിരലിനെപ്പോലെ ഒന്നിനും കൊള്ളാത്തവര്‍,ഒരു കഴിവും ഇല്ലാത്തവര്‍ എന്ന് സ്വയം ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ പരസ്പര സഹകരണം ഇല്ലാതെ ആര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. മറ്റുള്ളവരെ നമ്മേക്കാള്‍ ശ്രേഷ്ഠരെന്നെണ്ണുവാനും ബഹുമാനിക്കുവാനും നമുക്ക് കഴിയണം. അതിനാല്‍ ദൈവം തന്ന കഴിവുകളില്‍ അഹങ്കരിക്കാതെ,പരസ്പര താരതമ്യങ്ങള്‍ക്ക് മുതിരാതെ, ഐക്യതയോടെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവുക. ഡെന്നി ജോൺ എക്സൽ പബ്ലിക്കേഷൻ

Share on Facebook Share on Whatsapp Back to News Page
To Top ↑