excelministries@gmail.com

: +91-9496325026, +91-9495834994

സമീപസ്ഥനായ ദൈവം

സമീപസ്ഥനായ ദൈവം 'ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍, മനസ്സ് തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.' സങ്കീ.34:18 യുദ്ധത്തില്‍ മുറിവേറ്റ രണ്ട് പടയാളികളെ മിലിട്ടറി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു പടയാളിയുടെ ശരീരത്തിലെ മുറിവ് ആഴമുള്ളതും ഗുരുതരവുമായിരുന്നു. മറ്റെയാളുടെ മുറിവ്ഗുരുതരമല്ലായിരുന്നു. ആധുനിക ചികിത്സാ സംവിധാനമുള്ള ആതുരാലയത്തില്‍ രണ്ടു പേര്‍ക്കും മികച്ച ചികിത്സയാണ് ലഭ്യമായത്. ഗുരുതരമായി മുറിവേറ്റ പടയാളിയുടെ കിടക്കയ്ക്കരികില്‍ നിന്നും മാറാതെ ഉറക്കമിളച്ചു ഡോക്ടറും നഴ്‌സും അയാളെ പരിചരിച്ചു. എന്നാല്‍ മറ്റെ പടയാളിക്ക് ഈ പരിഗണന ഒന്നും ലഭിച്ചതുമില്ല. പ്രഭാതത്തില്‍ ഈ പടയാളി തന്നെ പരിശോധിക്കുവാന്‍ വന്ന ഡോക്ടറോട് തന്നെ രാത്രിയില്‍ പരിഗണിക്കാതിരുന്നതിനെപ്പറ്റി പരാതിപ്പെട്ടു. ഡോക്ടര്‍ പുഞ്ചിരിയോടെ അയാളോട് പറഞ്ഞു. 'സുഹൃത്തേ, ആ പടയാളിയുടെ മുറിവ് ആഴത്തിലുള്ളതും മരണകരവുമായിരുന്നു. ആ അവസ്ഥയില്‍ അയാള്‍ക്ക് ഞങ്ങളുടെ സാമീപ്യം അത്യന്താപേക്ഷിതമായിരുന്നു. അയാളുടെ സമീപത്ത് ഞങ്ങള്‍ രാത്രി മുഴുവനും ഉണ്ടായിരുന്നതിനാലാണ് അയാള്‍ അപകടനില തരണം ചെയ്തിരിക്കുന്നത്. എന്നാല്‍ നിങ്ങളുടെ മുറിവ് അത്ര ഗുരുതരമല്ലായിരുന്നു'. വഴിയരികില്‍ മുറിവേറ്റു കിടന്നവനെ എല്ലാവരും അവഗണിച്ച് കടന്നുപോയപ്പോള്‍ അവനെ പരിചരിപ്പാനും മുറിവില്‍ എണ്ണയും വീഞ്ഞും പകരുവാനും ഒരു ശമര്യക്കാരന്‍ ഉണ്ടായിരുന്നു. നല്ല ശമര്യക്കാരനായ കര്‍ത്താവ് മുറിവേറ്റവരെ അവഗണിക്കുന്നില്ല. മുറിവേറ്റ ഹൃദയവും തകര്‍ന്ന മനസ്സുമായി സങ്കടത്തിലാണോ നാം കഴിയുന്നത് ? നമ്മെ പരിഗണിക്കുവാന്‍ ആരുമില്ലെന്ന് ഓര്‍ത്തു നിരാശയില്‍ ഉഴലുകയാണോ? പ്രിയരേ കര്‍ത്താവിന്റെ സാന്നിദ്ധ്യം തിരിച്ചറിയുക. അവന്റെ പാദത്തില്‍ അഭയം പ്രാപിക്കുക. ഹൃദയത്തിലെ മുറിവ് ഉണക്കുവാന്‍, തകര്‍ന്ന മനസ്സിനെ പണിയുവാന്‍ കര്‍ത്താവ് സമീപസ്ഥനായുണ്ട്. നുറുങ്ങിയ ഹൃദയത്തിനും തകര്‍ന്ന മനസ്സിനും ഔഷധം കര്‍ത്താവിന്റെ സാന്നിദ്ധ്യമാണ്.

Share on Facebook Share on Whatsapp Back to News Page
To Top ↑