കരുതാം കുരുന്നുകളെ കഴിഞ്ഞ ദിവസം ഒരു പിതാവ് വളരെ അഭിമാനത്തോടെ പറഞ്ഞു, 'എനിക്ക് ചെറു പ്രായത്തില്‍ ലഭിക്കാത്തത് ഞാന്‍ എന്റെ മക്കള്‍ക്ക് വാങ്ങി കൊടുക്കും.' വളരെ അഭിമാനത്തോടെ, ആഗ്രഹത്തോടെ ആ പിതാവ് പറഞ്ഞ വാക്കുകളിലെ അപകടം വലുതാണ്! ആ പിതാവിന്റെ ചെറുപ്പകാലത്ത് ആഗ്രഹിച്ചിട്ടും കിട്ടാതിരുന്ന പലതും തന്നെ ജീവിതത്തില്‍ തന്നെ, ഉത്തരവാദിത്വമുള്ള, കഠിനാധ്വാനിയായി, പൈസായുടെ മൂല്യം അറിയുന്ന, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന, ജീവിതത്തെ ശരിയായി വീക്ഷിക്കാന്‍ ജീവിക്കാന്‍ കഴിയുന്ന ഒരു നല്ല മനുഷ്യനാക്കി മാറ്റി. ഇപ്പോള്‍ തന്റെ മക്കളെക്കുറിച്ചുള്ള തന്റെ ആഗ്രഹം നല്ലതാണ് എന്നു തോന്നിയാലും ദൂരവ്യാപക ദോഷം ആ തലമുറകള്‍ക്കു ചെയ്യുന്നതാണ്... തനിക്കു ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടും ലഭിക്കാത്തതുകൊണ്ട് തലമുറകള്‍ക്കായി പലതും വാങ്ങി കൊടുക്കുന്നു... തന്മൂലം കഷ്ടപ്പാടിന്റെ വിലയറിയാത്ത, പൈസയുടെ മൂല്യം അറിയാത്ത, മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയാത്ത, സ്വാര്‍ത്ഥരായ, അലസ്സരായ, ഉത്തരവാദിത്വരഹിതരായ ഒരു തലമുറയ്ക്കു രൂപം നല്‍കുന്നു… നമ്മുടെ തലമുറയ്ക്ക് നല്ല, മാന്യമായ വിദ്യഭ്യാസം നല്‍കുക... നല്ല സംസ്‌കാരം കൈമാറുക... നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുക... ചുറ്റുപാടുമുള്ള വലിയ ലോകത്തെ യാത്രകളിലൂടെയും, വ്യക്തി പരിചയങ്ങളിലൂടെ പരിചയപ്പെടുത്തുക... നമുക്ക് അങ്ങനെ ഈ ഭൂമിക്ക് ദോഷമില്ലാത്ത, സമൂഹത്തിന് ഭീഷണിയാകാത്ത, തലമുറകളെ വാര്‍ത്തെടുക്കാം. ആ ഉത്തിരവാദിത്വം നിങ്ങളുടെ കൈകളിലാണ്, അത് ബോധപൂര്‍വ്വമുള്ള ഒരു തിരഞ്ഞെടുപ്പാണ്. അവര്‍ ഇഷ്ടപ്പെടുന്നത്,... നമ്മുടെ ബാല്യത്തില്‍, കൗമാരത്തില്‍, യൗവനത്തില്‍ നമുക്ക് ലഭിച്ചില്ല എന്ന കാരണത്താല്‍ വാങ്ങി നല്‍കാതെ അവര്‍ക്ക് ആവശ്യമുള്ളത് പ്രയോജനപ്പെടുന്നത് അവര്‍ക്ക് പ്രാര്‍ത്ഥനയോടെ കൊടുക്കാം. നല്ലതു നടക്കട്ടെ! മനു ചാക്കോ, ഗോവ, എക്സൽ പബ്ലിക്കേഷൻ EP 15

