ജീവിതത്തിന്റെ നല്ല അധ്യാപകരാവാം വീടിനുള്ളില്‍ വെറുതെ ഒന്ന് കണ്ണോടിച്ച് നോക്കൂ. ഓരോ വസ്തുക്കളും എത്ര വിലപ്പെട്ട സന്ദേശമാണ് നമുക്ക് നല്‍കിത്തരുന്നത്! ചുമര്‍ പറയുന്നു - പരാതികളില്ലാതെ ഭാരം താങ്ങുക. മേല്‍ക്കൂര പറയുന്നു - വെയില്‍ കൊള്ളുന്നു എങ്കിലും മറ്റുള്ളവര്‍ക്ക് തണലായിരിക്കുക. തറ ചൊല്ലുന്നു - നല്ല അടിസ്ഥാനമുള്ളവരാകുക. മതില്‍ പറയുന്നു - ജീവിതത്തില്‍ അതിരുകള്‍ നിശ്ചയിക്കുക. വാതില്‍ പറയുന്നു - മറ്റുള്ളവരെ സ്വീകരിക്കുക. ജനല്‍ പറയുന്നു - പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. ഘടികാരം പറയുന്നു - സമയം വിലപ്പെട്ടതാണ്; അത് നഷ്ടമാക്കാതിരിക്കുക! കലണ്ടര്‍ പറയുന്നു - കൃത്യനിഷ്ഠയുള്ളവരായിരിക്കുക! വിളക്ക് പറയുന്നു - മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുക..! പുസ്തകം പറയുന്നു - പുറംചട്ട മാത്രം നോക്കി ആരെയും വിധിക്കരുത് ഭവനം എന്ന വാക്കിന് ഭവിക്കുന്ന അഥവാ ഉണ്ടാവുന്ന സ്ഥലം എന്നാണര്‍ത്ഥം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും - നല്ലതോ ചീത്തയോ - ഉടലെടുക്കുന്ന സ്ഥലം കൂടിയാണ് നമ്മുടെ ഭവനങ്ങള്‍. കൊടും ക്രിമിനലുകളുടെ പശ്ചാത്തലം പഠിക്കുന്നവര്‍ ചെന്നെത്തുന്നത് അവരുടെ ഇരുണ്ട ബാല്യങ്ങളിലാണ്. അതിന് കാരണമോ, അത്തരക്കാരുടെ തകര്‍ന്ന കുടുംബാന്തരീക്ഷവും..! തലമുറകളെ ആത്മീയരായും സല്‍സ്വഭാവികളായും വാര്‍ത്തെടുക്കുന്ന മൂശകളാവണം നമ്മുടെ ഭവനങ്ങള്‍. അധ്വാന ശീലവും, ലക്ഷ്യബോധവും, പരസ്പര ബഹുമാനവും, ടീം വര്‍ക്കും, പെരുമാറ്റ രീതികളും വീട്ടില്‍ പഠിക്കുകയും അവിടെത്തന്നെ പരിശീലിക്കുകയും ചെയ്യണം. വീട് ഒരേ സമയം തന്നെ പാഠശാലയും പരിശീലനക്കളരിയുമാണ്. നിയമപാലനം, ആതിഥ്യമര്യാദ, ധനവ്യയവും സമ്പാദ്യ ശീലവും, തീന്‍മേശയിലെ പെരുമാറ്റം തുടങ്ങി വ്യക്തിത്വത്തിന്റെ വിവിധ ഘടകങ്ങള്‍ വീട്ടില്‍ത്തന്നെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചെടുക്കേണം. കൂടാതെ, പരസ്യ പ്രാര്‍ത്ഥനാ, വചന ധ്യാനം, വ്യക്തിഗത പ്രാര്‍ത്ഥനാ ജീവിതം എന്നീ ആത്മീയജീവിത ചര്യകളും ശീലിപ്പിച്ചെടുക്കേണ്ടതാണ്. ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ ഘട്ടങ്ങളിലും ദൈവഹിതം ആരായാനും വീട്ടിലാണ് അവര്‍ ആദ്യം പഠിക്കേണ്ടത്! ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂളിലെ പാഠപുസ്തകത്തോടൊപ്പം ജീവിതമെന്ന പാഠപുസ്തകവും അവര്‍ പഠിച്ചെടുക്കേണ്ടതുണ്ട്! ഇങ്ങിനെ ആയാല്‍, ഇന്നു നാം കാണുന്നതുപോലെ, പരീക്ഷയില്‍ റാങ്കു നേടുകയും ജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന ദുഃസ്ഥിതി ഒഴിവാക്കാനാകും..! രണ്ടു തരം അധ്യയന രീതികളാണ് മാതാപിതാക്കള്‍ ജീവിതപാഠങ്ങളില്‍ ഉപയോഗിക്കേണ്ടത് - നേരിട്ടും അല്ലാതെയുമുള്ള പരിശീലനം! ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ രീതികള്‍ അല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്! നേരെ മറിച്ച്, വാക്കിലൂടെയും, മാതൃകയിലൂടെയുമുള്ള പരിശീലനങ്ങളാണ് ഇവ! കുട്ടികളുടെ ജീവിതപരിശീലനത്തിന് നാം വില നല്‍കുമ്പോള്‍ ഒരു കാര്യം തീര്‍ച്ചയായും ഓര്‍ത്തിരിക്കുക - ജീവിതപരിശീലനം സിദ്ധിക്കാത്ത കുഞ്ഞുങ്ങള്‍ ഭാവിയില്‍ നല്‍കേണ്ടി വരുന്ന വില നാം ചിന്തിക്കുന്നതിലും വളരെ വലുതായിരിക്കും! ജീവിതത്തില്‍ അധികവും പരാജയപ്പെടുന്നത് അത്തരക്കാരായിരിക്കും..! അതുകൊണ്ട് എന്ത് വില കൊടുത്തും കുഞ്ഞുങ്ങളെ ജീവിത പാഠങ്ങള്‍ അഭ്യസിപ്പിക്കാം. കൊരിന്ത്യ ലേഖനത്തില്‍ പൗലൊസ് പറയുന്ന കാര്യം കുടുംബ ജീവിതത്തിലും ബാധകമാണ്: കുട്ടികളെ വളരുമാറാക്കുന്നത് ദൈവം മാത്രമാണ്. എങ്കിലും നടുകയും നനയ്ക്കുകയും ചെയ്യേണ്ട വലിയ ചുമതല, ദൈവം മാതാപിതാക്കളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.. ഈ ഉത്തരവാദിത്വം ഭംഗിയായും വിശ്വസ്തതയോടെയും നമുക്ക് നിര്‍വ്വഹിക്കാം.. ഷിബു കെ ജോൺ , എക്സൽ പബ്ലിക്കേഷൻ EP 17

