കര്‍മ്മ 'കള്ളം പറഞ്ഞാല്‍ കണ്ണ് പൊട്ടും' എന്നൊക്കെ കേട്ട് വളര്‍ന്ന ബാല്യകാല ഓര്‍മകള്‍ നമുക്കേറെയുണ്ടാകും. അമ്പിളിമാമനെ കാട്ടിതന്ന് ചോറൂട്ടുമ്പോള്‍ മടി പിടിച്ച് വാമൂടി നില്‍ക്കുന്ന കുട്ടിയോട് 'ചോറ് കഴിച്ചില്ലെങ്കില്‍ ഉക്കാക്കി വന്ന് പിടിച്ചുകൊണ്ടുപോകും' എന്നൊക്കെ പറഞ്ഞ് എത്രെയോ വട്ടം നാം പറ്റിച്ചിരിക്കുന്നു. ഇന്ന് അവയൊക്കെ ഓര്‍ത്തു ഊറിച്ചിരിക്കുമ്പോഴും, ഈ വാക്കുകളൊക്കെ ഹൃദയത്തില്‍ കൊത്തിവെച്ച വലിയൊരു നിയമമുണ്ട്. 'തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും' എന്ന നിയമം. നിയമ പുസ്തകങ്ങളില്‍ അടിവരയിട്ട് രേഖപ്പെടുത്തിയിട്ടും പലപ്പോഴും പാലിക്കപ്പെടാതെ പോകുന്ന നിയമം. 'വിതച്ചതേ കൊയ്യൂ' എന്ന് നമ്മുടെ അപ്പച്ചന്മാര്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍നിന്ന് എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. ഭാരതീയ മതസങ്കല്പങ്ങളില്‍ ഏറെ അംഗീകരിക്കപ്പെട്ട ഒരു സംസ്‌കൃത വാക്കാണ്, 'കര്‍മ്മ'. ഇന്നലകളിലെ ചെയ്തികളുടെ ഫലങ്ങള്‍ നാളെ ഒരിക്കല്‍ തിരികെ നമ്മളില്‍ തന്നെ എത്തും എന്നതാണ് കര്‍മ്മ എന്ന നിയമം. തെറ്റ് ചെയ്തവനെ ലോകം ശിക്ഷിച്ചില്ലെങ്കിലും അവനുള്ള ശിക്ഷ അവന്റെ ജീവിതത്തില്‍ കിട്ടിയിരിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ജീവിതത്തില്‍ ചെയ്യുന്ന നന്മകളുടെ ഫലവും നാളെ ഒരിക്കല്‍ തിരികെ നമ്മളില്‍ തന്നെയെത്തും എന്നാണ് പറയപ്പെടുന്നത്. വിശുദ്ധ വേദപുസ്തകവും പാപത്തിന് ശിക്ഷയും നന്മയ്ക്ക് അനുഗ്രങ്ങളും വാഗ്ദത്തം ചെയ്യുമ്പോഴും, ചെയ്ത്കൂട്ടിയ പാപങ്ങള്‍ എത്ര കടുപ്പമേറിയതാണെങ്കിലും യേശുവില്‍ വിശ്വസിച്ച് പാപങ്ങളെ ഏറ്റുപറയുന്നവന് രക്ഷ നേടിത്തരുന്നതാണ് ക്രിസ്തുവിന്റെ നിയമം. കുറ്റബോധത്തിന്റെ ലാഞ്ചന ലേശവുമില്ലാതെ ശിക്ഷയെ ഭയക്കാതെ യേശുവിന്റെ അരികില്‍ ആര്‍ക്കും ഏത് സമയവും എത്തിച്ചേരാനാകും. ശലോമോന്‍ സഭാപ്രസംഗിയില്‍ ഇപ്രകാരം പറയുന്നുണ്ട്: 'നിന്റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;' ഇന്ന് നമുക്ക് വിതറാന്‍ കഴിയുന്ന നന്മയുടെ വിത്തുകള്‍ വിതറുക. സ്‌നേഹം കൊയ്യണമെങ്കില്‍ സ്‌നേഹം വിതയ്ക്കണം. ബഹുമാനം ആഗ്രഹിക്കുന്നുവെങ്കില്‍ ചെറിയവരെയും വലിയവരെയും ബഹുമാനിക്കുവാന്‍ പഠിക്കണം. ചെറിയ വിത്തുകള്‍ നാളെ വലിയ വൃക്ഷങ്ങളായി വളരും. ആ ചെറിയ വിത്ത് സ്‌നേഹമാകാം, സമ്പാദ്യമാകാം, സൗഹൃദമാകാം, താലന്തുകളാകാം. നിങ്ങള്‍ വിതയ്ക്കുന്നതിന്റെ ഫലം നിങ്ങള്‍ കൊയ്യും. ഹൃദയത്തില്‍ നാമ്പിട്ട ചെറിയ സ്വപ്നങ്ങളും ആശയങ്ങളും വിതച്ച് തുടങ്ങൂ. ഇന്നത്തെ ചെറിയ കാല്‍വെപ്പുകള്‍ക്ക് നാളെ വലിയ കഥകള്‍ പറയുവാനുണ്ടാകും. മിനി എം. തോമസ്, Excel Publication EP 19

