ആലയത്തിനുള്ള കരുതല്‍ അമേരിക്കയില്‍ ആയിരുന്ന സമയം, ഒരു ദിവസം വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു വീടിനു മുന്നില്‍ ഫോര്‍ സെയില്‍ (വില്പനയ്ക്ക്)'എന്നെഴുതിയ ബോര്‍ഡ് തൂക്കിയിട്ടിരിക്കുന്നതു കണ്ടു. ആ വീട്ടുകാരെ പരിചയപ്പെട്ടശേഷം വീടിന് അവര്‍ പ്രതീക്ഷിക്കുന്ന വില തിരക്കി. ഏജന്‍സിയോട് തങ്ങള്‍ പറഞ്ഞിരിക്കുന്ന വില അവര്‍ വെളിപ്പെടുത്തി. പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചതിനാല്‍ അവരോട് പറഞ്ഞു, ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വില ലഭിക്കുകയാണെങ്കില്‍ അതെനിക്ക് തരണം.'തങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ തുക ഒരിക്കലും ലഭിക്കുകയില്ല എന്നറിയാവുന്നതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചു. പിറ്റേദിവസം ആ വീട്ടിലെത്തിയ പരിചയക്കാരിയായ ഒരു സ്‌കൂള്‍ ടീച്ചര്‍ ആ വീട് എടുക്കാന്‍ തീരുമാനിച്ചു. വീട്ടുകാര്‍ ചിന്തിച്ചിരുന്നതിനേക്കാള്‍ അയ്യായിരം ഡോളര്‍ കൂടുതലായിരുന്നു ആ ടീച്ചര്‍ നല്‍കിയത്. അധികമായി ലഭിച്ച തുക അവര്‍ പാസ്റ്റര്‍ കെ.സി ജോണിന് അയച്ചുകൊടുത്തു. ആ തുകകൊണ്ട് നാട്ടില്‍ നല്ലൊരു ആലയം പണിയുവാന്‍ കര്‍ത്താവ് സഹായിച്ചു. ആത്മീയജീവിതത്തില്‍ ആദ്യകാലം മുതലേ ദൈവത്തില്‍നിന്നും പ്രാര്‍ത്ഥിച്ച് പ്രാപിക്കുക എന്ന ശീലം തുടരുവാന്‍ കെ.സി. ജോണിന് സാധിച്ചിരുന്നു. തന്റെ സഭയില്‍ വിശ്വാസികളായി വന്ന നിരവധി യുവജനങ്ങളെ ശുശ്രൂഷകരാക്കി വളര്‍ത്തിയെടുക്കുവാന്‍ കര്‍ത്താവ് സഹായിച്ചു. താന്‍ നടത്തിയിരുന്ന ബൈബിള്‍ കോളേജിന്റെ പ്രവര്‍ത്തനത്തിലൂടെ പത്തുവര്‍ഷം കൊണ്ട് ഇരുനൂറ്റിയമ്പതോളംപേരെ ദൈവവേലയ്ക്കായി ഒരുക്കിയെടുക്കുവാന്‍ സാധിച്ചു. അമ്പതില്‍പ്പരം വര്‍ഷങ്ങള്‍ ശുശ്രൂഷയുടെ വിവിധ മേഖലകളില്‍ ശക്തമായി ശോഭിപ്പാന്‍ പാസ്റ്റര്‍ കെ.സി.ജോണിന് ദൈവകൃപ ലഭിച്ചു. ദീര്‍ഘ വര്‍ഷങ്ങള്‍ ഐ. പി. സി സഭയുടെ വിവിധ ചുമതലകള്‍ വഹിക്കുവാനും കര്‍ത്താവ് അദ്ദേഹത്തെ സഹായിച്ചു. പാസ്റ്റര്‍ കെ. സി. ജോണിന്റെ ജീവിതത്തിലെ ഒരു അനുഭവം. (ഉണര്‍വ്വിന്‍ അഗ്‌നിനാളങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും)

