വേറിട്ട സ്വഭാവം 'ദാസനായ കാലേബോ അവനു വേറൊരു സ്വഭാവമുള്ള കൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതു കൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്ക് ഞാന്‍ അവനെ എത്തിക്കും' (സംഖ്യ 14:24) തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതിനായി ഒരു പരീക്ഷണം നടത്തുവാന്‍ ഗുരു തീരുമാനിച്ചു. അതിന്നായി തന്റെ ശിഷ്യരുമായി ഒരു യാത്ര നടത്തി. ഒരു ചെറിയ അരുവി കടന്നു വേണം അവര്‍ക്ക് യാത്ര തുടരേണ്ടത്. കുറച്ചു വെള്ളം മാത്രമുള്ള ആ അരുവിയുടെ അരികില്‍ എത്തിയപ്പോള്‍ ഗുരു ശിഷ്യന്‍മാരോടായി പറഞ്ഞു. 'കാല്‍ നനയാതെ എല്ലാവരും മറുകര കടക്കേണം'. ഇതത്ര വലിയ കാര്യമൊന്നുമല്ല എന്നു പറഞ്ഞിട്ട് കൂട്ടത്തിലെ സാമര്‍ത്ഥ്യമുള്ള ഒരുവന്‍ ഒറ്റ ചാട്ടത്തിന് അക്കരെയെത്തി. ഇതു കണ്ടു നിന്ന മറ്റു ശിഷ്യന്‍മാരും കാല്‍ നനയാതെ ചാടി അപ്പുറത്തെത്തി. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി മറുകരയെത്തിയെങ്കിലും അവരാരും ഗുരു എങ്ങനെ മറുകര എത്തുമെന്നു ചോദിക്കുക പോലും ചെയ്തില്ല. ഇങ്ങേക്കരയില്‍ ഗുരുവും ഒരു ശിഷ്യനും മാത്രം ശേഷിച്ചു. ആ ശിഷ്യന്‍ ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ട് വന്ന് അരുവിയുടെ നടുവില്‍ ഇട്ടതിനു ശേഷം വൃദ്ധനായ ഗുരുവിനെ കൈ പിടിച്ചു ആ കല്ലില്‍ ചവിട്ടി കാല്‍ നനയാതെ അക്കരെ എത്തിച്ചു. ആ ശിഷ്യനെ മാറോട് ചേര്‍ത്ത് ആശ്ലേഷിച്ച ഗുരു അയാളെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. എല്ലാവരും അരുവി ചാടിക്കടന്നവനെ അനുകരിച്ചപ്പോള്‍ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവനെയാണ് ഗുരു വീക്ഷിച്ചത്. മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നല്ല, വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെയാണ് ദൈവത്തിന് ആവശ്യം. കാലേബ് വ്യത്യസ്തനായിരുന്നു. 1. വേറൊരു സ്വഭാവം അവനുണ്ടായിരുന്നു. സംഖ്യ 14:24 2. അനുസരണമുള്ളവനായിരുന്നു. സംഖ്യ 14:24 3. ശുഭാപ്തിവിശ്വാസമുള്ളവനായിരുന്നു. സംഖ്യ 13:30 ദൈവത്തിന് ആവശ്യം വേറൊരു ദിവ്യ സ്വഭാവമുള്ളവരെയാണ്. നാം വേറിട്ട സ്വഭാവമുള്ളവരാണോ?

