കണ്ണുനീരോടെ കോടതി വരാന്തകളും പോലീസ് സ്റ്റേഷനുകളും ജയിലുകളും കയറിയിറങ്ങുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു വരികയാണ്. ചങ്കോടു ചേർത്തു വളർത്തിയ മക്കൾ ചങ്ക് തകർത്തു സ്വന്തം വഴികളിൽ കടന്നുപോകുമ്പോൾ ഏതൊരു ഭവനവും ശ്മശാന തുല്യമാകും. തലമുറകളുടെ ഉയർച്ചയും ഭാവി വളർച്ചയും സ്വപ്നം കണ്ട് രാപ്പകൽ കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ സ്വപ്ന ഗോപുരമാണ് രാസലഹരിയും മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും കൂട്ടുകെട്ടുകൾ ചേർന്ന് തകർത്തു തരിപ്പണമാക്കുന്നത്. ചെറിയ പ്രായം മുതലേ കുഞ്ഞുങ്ങൾക്കാവശ്യമായ ബോധവത്ക്കരണം നൽകി വളർത്തിയാൽ ഒരു പരിധിവരെ മയക്കിലും പെട്ടുപോകാതെ നമ്മുടെ തലമുറകളെ സൂക്ഷിക്കുവാൻ സാധിക്കും. *******1. വീട്ടിലെ പോലീസ് ********** മാതാപിതാക്കൾ മക്കളെ ഹൃദയം തുറന്നു സ്നേഹിക്കുന്നതിന്‍റെ ഒപ്പം തന്നെ മനസ്സോടെ ശാസിക്കുവാനും തിരുത്തുവാനും അധികാരമുള്ളവരാണ്. മക്കളുടെ രീതികളിലും ശീലങ്ങളിലും അല്പമെങ്കിലും മാറ്റങ്ങൾ കാണുമ്പോൾ ഭവനത്തിലെ നിയമങ്ങളെ പാലിക്കേണ്ട മാതാപിതാക്കൾ വീട്ടിലെ പോലീസുകാരായി മാറിയേ മതിയാകൂ. മക്കൾക്ക് ഒരു സർപ്രൈസ് നൽകിക്കൊണ്ട് അവരുടെ സ്കൂൾ ബാഗ് പരിശോധിക്കുവാനും അവർ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ നോക്കുവാനും മാതാപിതാക്കളെ സമയമെടുക്കുക. സൗഹൃദങ്ങളിൽ വരുന്ന മാറ്റങ്ങൾ, തീരുമാനങ്ങളിലും ആഗ്രഹങ്ങളിലും സംഭവിക്കുന്ന വ്യതിചലനങ്ങൾ വേഗത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല എന്ന പൊതു തത്വം നിലനിൽക്കെ തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തി മുന്നേറുവാൻ, നേരായ മാർഗത്തിൽ ലക്ഷ്യം പൂർത്തീകരിക്കുവാൻ മക്കളെ കൈപിടിച്ചു നടത്തേണ്ടവരാണ് മാതാപിതാക്കൾ. ************2. കാവൽ മാലാഖമാർ***************** അറിവിൻ്റെ വെളിച്ചം നൽകി ജീവിത പാതയിലെ അന്ധത നീക്കുന്ന കാവൽ മാലാഖമാരാണ് അധ്യാപകർ. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ മികച്ച പങ്കുവഹിക്കുന്ന പോരാളികളാണ് അധ്യാപകർ. അവരുടെ വാക്കുകൾക്കും ചിന്തകൾക്കും കുട്ടികളിൽ ഒരു വലിയ സ്വാധീനം ഉണ്ടാക്കുവാൻ സാധിക്കും. സ്നേഹത്തോടെയുള്ള ഇടപടലുകൾക്കും വാത്സല്യത്തോടെയുള്ള തിരുത്തലുകൾക്കും മാതൃഭൂമിയോടെയുള്ള മാർഗനിർദ്ദേശങ്ങൾക്കും പൊന്നിനേക്കാൾ തിളക്കം ഉണ്ട്. പ്രശസ്തരായ ഏതൊരു വ്യക്തിയുടെയും പിന്നിൽ ചെളിക്കുഴിയിൽ നിന്നു മാണിക്യത്തെ കണ്ടെത്തിയ അധ്യാപകരുടെ കഥകൾ കേൾക്കാം. ലഹരിയുടെ മായ കെണികളിൽ നിന്ന് സ്കൂൾ കോളേജ് വിദ്യാർത്ഥികളെ രക്ഷിക്കുവാൻ അധ്യാപകർ ക്യാമറ കണ്ണുകളായി പ്രവർത്തിച്ചേ മതിയാകൂ. 2025 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം പതിവുപോലെ ചടങ്ങുകളിൽ ഒതുങ്ങിപ്പോകാതെ കുഞ്ഞുങ്ങളിൽ നന്മയുടെ, ശരിയുടെ തീപ്പാരിയിടുവാൻ കഴിയുന്നതാകട്ടെ.