എക്സൽ മിനിസ്‌ട്രീസിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് രാവിലെ മുതൽ ആരംഭിച്ച മിഷൻ വീക്ക്. എക്സൽ ടീമിന്റെ പുതിയ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഒരാഴ്ച നീളുന്ന ക്ലാസുകൾ ? രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന ക്ലാസുകൾ ? മിഷൻ വീക്ക് തുടങ്ങുന്നതിന് മുന്നേ എന്റെ മനസിൽ ഉദിച്ച ചോദ്യങ്ങളായിരുന്നു ഇതൊക്കെ. ഏത് ക്ലാസിനും ഇടയിലൊരു ആക്ടിവിറ്റി കൊടുത്ത് ലൈവാക്കി വീണ്ടും ട്രാക്കിൽ കയറി ക്ലാസ് എടുത്ത് ശീലിച്ച നമ്മുടെ എക്സൽ ടീമിന് മിഷൻ വീക്ക് എങ്ങനെയാകുമോ എന്തോ ? എന്തായാലും ഒന്നാം ദിനം പ്രാർത്ഥിച്ചാരംഭിച്ചു. മുഖ്യാതിഥി മാത്യു പി.തോമസ് സാർ സങ്കീർത്തനം 125 :5, 6 വാക്യങ്ങളിൽ തുടങ്ങിവെച്ച "വിത്ത് ചുമക്കുന്ന സന്ദേശം..." അനുഭവങ്ങളുടെ പാഠശാലയിൽ നിന്നും ഉദാഹരണ സഹിതം ലഘുഭാഷയിലും മിതശബ്ദത്തിലും പങ്കുവെച്ചപ്പോൾ നല്ല നിലത്ത് വീണ വിത്ത് പോലെ ഉള്ളിലേക്കിറങ്ങി....! ഗംഭീരമായ തുടക്കം.... ആദ്യം മനസിൽ രൂപപ്പെട്ട ആശങ്കകളുടെ ചോദ്യത്തെ കളയെന്നതു പോലെ പിഴുതെറിഞ്ഞു. രണ്ടാം ദിനം ജിഫി സാറിന്റെ ക്ലാസ്. അല്പം ഗെയിമുകളിലൂടെ തുടങ്ങി. രണ്ടു ടീമുകളാക്കി തിരിച്ചു. പോയിൻറുകൾ നേടാനുള്ള ആവേശം... നമ്മൾ പോലുമറിയാതെ ക്ലാസിലേക്കുള്ള വാതായനം തുറക്കപ്പെട്ടു. ലോകജനസംഖ്യയുടെയും നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെയുമൊക്കെ കണക്കുകൾ കേട്ടപ്പോൾ അത്ഭുതവും കൗതുകവുമായിരുന്നു. എന്നാൽ അടുത്ത കണക്ക് ഞെട്ടലും വേദനയും ഉളവാക്കി. ഓരോ 43 സെക്കൻറുകളിലും ഓരോ ആത്മഹത്യ നടക്കുന്നത്രേ. തുടർന്ന് ക്രിസ്തുവിനെ അറിയാത്തവരുടെയിടയിൽ മിഷൻ എങ്ങനെ സാധ്യമാകും എന്ന് തന്റെ ജീവിതാനുഭവങ്ങളും ഇഴപിരിച്ചെടുത്തൊരു സന്ദേശം...! ഹൃദയത്തെ തൊട്ടു....നാം ഇനിയും സമയം പാഴാക്കരുത് എന്ന് ഒരു ഹൃദയമന്ത്രണം...! അടുത്തദിനം വചന സന്ദേശം നൽകിയത് പാസ്റ്റർ ഷിബു ഐപ്പ് ആയിരുന്നു. ക്രിസ്തുയേശുവിൽ തികവുള്ളവരാകുക എന്ന സന്ദേശം ആ ദിനത്തെ മികവുറ്റതാക്കി മാറ്റി എന്നുപറയാം. വ്യക്തിപരമായി ലഭിച്ച ദൈവികാലോചനകളും ദൈവവാഗ്ദത്തങ്ങളുടെ പൂർത്തീകരണങ്ങളിലേക്കെത്തുന്നു എന്ന് ഓർമ്മപ്പെടുത്തലുകളും സ്വയമൊരുക്കപ്പെടുവാനും കർമ്മനിരതനാകുവാനും ഇടയാക്കി. നാലാം ദിനത്തിൽ പാസ്റ്റർ ഐസക് തര്യന്റെ വചന ശുശ്രൂഷ പുതിയ കാഴ്ചപ്പാടുകൾ നൽകി. യോഹന്നാൻ 10:14-18 വചനഭാഗത്തിലൂടെ ചില മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല. "കർത്താവിലൂടെ അകത്തുവരികയും കർത്താവിലൂടെ പുറത്തുപോകുകയും ചെയ്യുന്നവനെ കർത്താവ് എങ്ങനെ അറിയാതിരിക്കും ?" പല തവണ വായിച്ച വചനമാണെങ്കിലും ദൗത്യത്തിനായി നമ്മെ സജ്ജമാക്കിയ ഒരു സന്ദേശമായിരുന്നത്. ഓരോ ദിനങ്ങളും ഒന്നൊന്നിന്റെ തുടർച്ചയായിരുന്നു എന്നു പറയാം. അഞ്ചാം ദിനം പ്രിയ അനിൽസാറും ബിനു സാറും നൽകിയ രണ്ട് വിലപ്പെട്ട സന്ദേശങ്ങൾ ! ദർശനം, അനുസരണം,അച്ചടക്കം,ഉത്തരവാദിത്തം, വിശ്വസ്തത എന്നീ അഞ്ച് കാര്യങ്ങൾ ഒരു ദൈവവേലക്കാരന് ഉണ്ടായിരിക്കണം എന്ന് ശമുവേൽ പ്രവാചകന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അനിൽസാർ വ്യക്തമാക്കി. തിന്മയും,വ്യസനവും എന്നീ രണ്ട് കാര്യങ്ങൾ നമ്മുടെ ജീവിതത്തെ പതിയെ പരാജയത്തിലേക്ക് കൊണ്ടുപോകും എന്നതിനാൽ അവയെ നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കിയെങ്കിൽ മാത്രമേ ശക്തമായ ശുശ്രൂഷ ചെയ്യാൻ കഴിയൂ എന്ന് ബിനുസാറിലൂടെയും കേട്ട സന്ദേശം ഏറെ പ്രചോദനമായി. ശനിയാഴ്ചയോടെ മിഷൻ വീക്കിന് സമാപനമായി... കഴിഞ്ഞ ഒരാഴ്ച എക്സൽ ടീം ഒരുമിച്ച് പണിശാലയിലായിരുന്നെങ്കിൽ ഇനിയുള്ള യാത്ര പടക്കളത്തിലേക്കാണ്. കുറിക്കുവാൻ ഇനിയുമേറെയുണ്ട്.പക്ഷേ തുനിയുന്നില്ല.... വിത്ത് ചുമന്നുകൊണ്ട് ഐക്യതയോടെ നമുക്ക് ഒരുമിച്ചിറങ്ങാം...