കോവിഡ്- 19 മാധ്യമങ്ങളും മനുഷ്യമനസ്സുകളും കയ്യടക്കിവാഴുന്നതിനിടെ ഒരു ക്രിസ്മസ് കാലം കൂടി ആഗതമായിരിക്കുകയാണ്! ഇക്കുറി ആഘോഷങ്ങളും കൂടിച്ചേരലുകളും പരിമിതമായിരിക്കുന്നത് കൊണ്ട് ചരിത്രത്തിലെ ആദ്യത്തെ 'ഡിജിറ്റൽ ക്രിസ്മസ് ' ആയി ക്രിസ്മസ് - 20 മാറും എന്നതിൽ സംശയമില്ല. ക്രിസ്മസിൻ്റെ അവസാനം പുതുവർഷത്തിൻ്റെ - ക്രിസ്തുവർഷം 2021- പിറവി കൂടിയാണല്ലോ. പുതുവർഷം പുതിയ വാക്സിനാണോ പുതിയ വൈറസുകളാണോ നമ്മെ കാത്തിരിക്കുന്നത് എന്ന് ആർക്കുമറിയുകയില്ല. കോവിഡും ക്രിസ്മസും പുതുവർഷവും സംഗമിക്കുന്ന ഈ അപൂർവ്വവേളയിൽ നാം അവശ്യം തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യമാണ്. '' റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു" (മത്തായി 2:17). നശിച്ചുപോകുന്ന കുഞ്ഞുങ്ങളെപ്പറ്റി വിലപിക്കേണ്ട കാലം കൂടിയാണ് ഈ ക്രിസ്മസ് കാലം. വിലപിക്കുക മാത്രമല്ല, ക്രിയാത്മകമായി ചുവടുകൾ വയ്ക്കേണ്ടതുമുണ്ട്. അമിതമായ ഓൺലൈൻ ജീവിതം ഒട്ടനവധി കുട്ടികളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. അശ്ളീലസൈറ്റുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം ഈ കോവിഡ് കാലത്ത് 18% വർധിച്ചു. ചില രാജ്യങ്ങളിലെ കണക്കുകൾ ഇതിലും അധികമാണ്. വിഷാദ രോഗം, ആത്മഹത്യാ പ്രവണത, അമിതവണ്ണം, നേത്രരോഗങ്ങൾ എന്നിവ ബാധിക്കുന്ന കുട്ടികൾക്ക് കണക്കുകളില്ല. 432 ദശലക്ഷം കുട്ടികളാണ് ഭാരതത്തിൽ മാത്രമുള്ളത്. ക്രിസ്മസ് സമ്മാനങ്ങളേക്കാൾ കുട്ടികൾക്കാവശ്യം ക്രിസ്തുവിനെയാണ്. സഭകൾ ഈ സത്യം തിരിച്ചറിയേണ്ട നിർണായക സന്ദർഭമാണിത്. ദാരിദ്യം, ബാലവേല, ചൂഷണം, പീഢനം, മനുഷ്യക്കടത്ത്, നിരക്ഷരത തുടങ്ങി കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയുടെ ഭാവിയെത്തന്നെ ചോദ്യം ചെയ്യുന്നവയാണ് എന്ന് എത്ര പേർക്കറിയാം? ആദ്യ ക്രിസ്മസിൽ റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞതുപോലെ നമ്മുടെ തലമുറയെ ഓർത്ത് തലതല്ലി കരയേണ്ട ഈ സമയത്ത് ആഘോഷങ്ങളിൽ നാം മതി മറക്കുന്നതെന്ത്? ക്രിസ്തുമസിലെ ഏറ്റവും പ്രധാനവിഷയം ക്രിസ്തു തന്നെയാണ് - ക്രിസ്ത്യാനിയിലെ ക്രിസ്തുവിനെപ്പോലെ! എന്നാൽ ഈ രണ്ടിലും മനുഷ്യർ വിസ്മരിക്കുന്നതും ക്രിസ്തുവിനെയാണ് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. "ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു " എന്ന് ക്രിസ്തുവിൻ്റെ നേഞ്ചോട് ചേർന്നിരുന്ന അരുമശിഷ്യനായ യോഹന്നാൻ സാക്ഷ്യം പറയുന്നു! ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാത്ത ഒരു ലോകത്ത് മറ്റൊരു ആഘോഷം കൂടി തരുവാൻ പിതാവ് പുത്രനെ ഈ ലോകത്തേക്ക് മരിക്കുവാനായി അയച്ചുവോ? ഒരു നാളും ഇല്ല. തിന്മയുടെയും പാപത്തിൻ്റെയും ശാപത്തിൻ്റെയും സർവ്വോപരി മരണത്തിൻ്റെയും കൂരിരുട്ടിൽ നിസഹായരായി വലയുന്ന മനുഷ്യന് വെളിച്ചമായി യേശു അവതരിച്ചു. അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവന് യേശു എന്ന് പേർ ഇടേണം (മത്തായി 1:21). ക്രിസ്തുമസിൻ്റെ സന്തോഷം വർഷത്തിൽ ഒരിക്കൽ മാത്രമാണെങ്കിൽ ക്രിസ്തു തരുന്ന സന്തോഷം വർഷം മുഴുവനും ലഭിക്കുന്നതാണ്. സർവ്വജനത്തിനും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിച്ചിട്ടുള്ള മഹാസന്തോഷമാണിത് (ലൂക്കൊസ് 2:10 ). ഈ സന്തോഷം നിങ്ങൾക്കും എനിക്കും ലഭിക്കുമല്ലോ എന്ന സന്തോഷമായിരുന്നു ക്രൂശ് സഹിക്കുവാൻ കർത്താവിനെ പ്രേരിപ്പിച്ചതും (എബ്രാ 12:3)! ആസ്ട്രേലിയയിലെ സിഡ്നിയിലെ ഒരു സഭയുടെ കവാടത്തിൽ ഇപ്രകാരം എഴുതി വച്ചിട്ടുണ്ട് - യേശു: മനുഷ്യവംശത്തിൻ്റെ പ്രത്യാശ ! ലക്ഷക്കണക്കിന് മനുഷ്യരാണ് ലോകമെമ്പാടും ഓരോ ദിവസവും യേശുവിലൂടെ പുതിയ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ മനുഷ്യൻ്റെ ഏറ്റവും വലിയ പ്രശ്നം പ്രത്യാശയില്ലായ്മയാണ്. ഒരു രോഗിയുടെ കാര്യം നോക്കാം. ചികിത്സ ഫലിക്കുകയില്ലെന്നും തൻ്റെ രോഗം മാറുകയില്ലെന്നും ചിന്തിച്ചാൽ അയാൾ നിരാശനാവുകയും പിന്നീട് മരുന്നുകൾ പോലും ക്രിയ ചെയ്യാതാവുകയും ചെയ്യും. മരണമായിരിക്കും ആ വ്യക്തിയെ കാത്തിരിക്കുന്നത്! കോവിഡ് രോഗത്തെപ്പറ്റിയുള്ള ആശങ്കയും, സാമ്പത്തികത്തകർച്ചയും അനശ്ചിതത്വവും ഒക്കെ മനുഷ്യനെ ഇന്ന് പ്രത്യാശയില്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ഇതിനിടയിൽ പുലിറ്റ്സർ അവാർഡ് നേടിയ ചിത്രത്തിൽ അസ്ഥിപഞ്ചരമായ ശിശുവിനെ കൊത്തിപ്പറിക്കുവാൻ കാത്തിരിക്കുന്ന വലിയ കഴുകനെപ്പോലെ, സാധാരണക്കാരൻ്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാൻ മത്സരിക്കുന്ന രാഷ്ട്രീയ ഒത്താശയുള്ള കോർപ്പറേറ്റുകളും..! 2021 എന്ന പുതുവർഷം എന്തായിരിക്കും മനുഷ്യനെ കാത്തിരിക്കുന്നത

