excelministries@gmail.com

: +91-9496325026, +91-9495834994

അകത്തെ ജീവനാണ് പുറത്തെ വില"

" അകത്തെ ജീവനാണ് പുറത്തെ വില" ഡെന്നി ജോൺ എക്സൽ മിനിസ്ട്രീസ് 9744325604 പക്ഷിയെ വളർത്തിയിരുന്ന ഒരു കൂട് വീടിന്റെ പുറകുവശത്ത് കിടക്കുന്നത് കണ്ടു. രണ്ടു മാസം മുമ്പ്‌വരെ നല്ല ഭംഗിയുള്ള ഒരു തത്ത അതിനകത്തുണ്ടായിരുന്നു. 'മീട്ടു' എന്നായിരുന്നു അതിന്റെ പേര്. അന്ന് വീടിന് മുമ്പിലായിരുന്നു ഈ കൂടിന്റെ സ്ഥാനം. എല്ലാവരും തന്നെ ഈ കൂട്ടിൽ തട്ടിയും, അതിന് ചുറ്റും നടന്നും മീട്ടുവിനെ കളിപ്പിക്കുമായിരുന്നു.എങ്ങനെയോ ഒരു ദിനം അബദ്ധത്തിൽ മീട്ടു അതിൽ നിന്നും പറന്നകന്നു. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ആ കൂട് വീടിനു പുറകു വശത്തേക്ക് തള്ളപ്പെട്ടു. ആക്രികൾക്കൊപ്പം അത് അനാഥമായി കിടക്കുന്നു. ഇത് കണ്ടപ്പോൾ മനസിൽ ഒരു ചിന്തയുണർന്നു. അകത്ത് ജീവനുള്ളപ്പോൾ മാത്രമേ പുറത്തെ കൂടിന് പ്രസക്തിയുള്ളൂ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും പത്രങ്ങളിലും വന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്നു എന്നതാണത്. മറ്റുള്ളവരോട് പകരം വീട്ടാൻ ജീവിതം അവസാനിപ്പിക്കുന്നവർ നിരവധിയാണ്. അങ്ങനെ മരണത്തിലേക്ക് എടുത്തു ചാടുന്നവരിൽ ഭൂരിഭാഗവും മറ്റുള്ളവരാൽ ചതിക്കപ്പെട്ടു എന്നു പറയുന്നവരാണ്. ഇത്തരം അവസ്ഥയിലായവർ ഇനി ജീവിച്ചിരിക്കുന്നതുകൊണ്ട് കാര്യമില്ല എന്നു സ്വയം ചിന്തിക്കുന്നു. തുടർന്ന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നു. ഈ ഭൂമിയിൽ ജീവിതം ഒന്നേയുള്ളൂ. നാം ജീവനോടെ ഉള്ളപ്പോൾ മാത്രമേ നമുക്ക് പ്രസക്തിയുള്ളൂ. ജീവിച്ചിരുന്നെങ്കിൽ മാത്രമേ നമുക്കെന്തെങ്കിലും ചെയ്യാൻ കഴിയൂ. പകരം വീട്ടേണ്ടത് മരണത്തെ തെരഞ്ഞെടുത്തു കൊണ്ടായിരിക്കരുത്. മറിച്ച് ,ജീവിച്ച് കാണിച്ചു കൊണ്ടായിരിക്കണം. തങ്ങളെ വേദനിപ്പിച്ചവരോട് മരണം കൊണ്ട് പകരം വീട്ടാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. ശ്വാസം നിലച്ചാൽ മനുഷ്യൻ വെറും ഓർമയായ് മാറും. പ്രണയത്തിന്റെ ചതിക്കുഴികളിൽ വീഴുന്ന യുവതലമുറ മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കുന്നതേയില്ല. പ്രണയത്തിന് കണ്ണില്ല എന്നത് ഒരർത്ഥത്തിൽ ശരിയാണ്. എങ്ങനെയാണെന്നല്ലേ? ചതിക്കപ്പെട്ടു എന്നതിന്റെ പേരിൽ സ്വയം ജീവനൊടുക്കാൻ ശ്രമിക്കുമ്പോൾ അതുവരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ കാണുന്നില്ല, ഈ ഭൂമിയിൽ തുടർന്നും ജീവിക്കാനുള്ള അവസരങ്ങളെ കാണുന്നില്ല. തങ്ങൾക്ക് ലഭിച്ച ആരോഗ്യം, സൗന്ദര്യം എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കുന്നതേയില്ല. പ്രിയ സുഹൃത്തേ , നിങ്ങൾ ജീവിതം അവസാനിപ്പിച്ചു കൊണ്ടല്ല പകരം വീട്ടേണ്ടത്. മറിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. ഇനിയും മറ്റൊരാൾ ചതിയിൽപ്പെടാതിരിക്കാനുളള ഒരു ചൂണ്ടുപലകയായി നിങ്ങൾക്ക് മാറാം. നിങ്ങളെ തള്ളിക്കളഞ്ഞവരെക്കുറിച്ച് പരിതപിക്കാതെ നിരാലംബരായ പലർക്കും ഒരാശ്രയമായിത്തീരുക. കഴിവുകളെ സ്വയം തിരിച്ചറിയുക. ഈ ഭൂമിയിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടാകണം. നിങ്ങൾക്കറിയാമോ എത്രയോ ആശുപത്രികളിൽ ജീവനിലേക്ക് ഒന്നു മടങ്ങിവരാൻ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടെന്ന്. രോഗികളുടെ ജീവൻ ഒരു നിമിഷത്തേക്കെങ്കിലും പിടിച്ചു നിർത്താൻ ശ്രമിക്കുന്ന എത്രയോ ഡോക്ടർമാർ ഉണ്ടെന്ന്. അങ്ങനെയുള്ളപ്പോൾ വെറുമൊരു ലാഘവത്തോടെ ജീവിതം വലിച്ചെറിയുവാൻ കഴിയുമോ? "അകത്ത് ജീവൻ ഉള്ളപ്പോഴേ നമുക്ക് വിലയുള്ളൂ " എന്ന വസ്തുത മറക്കാതിരിക്കുക. ശുഭദിനം നേരുന്നു....

Share on Facebook Share on Whatsapp Back to News Page
To Top ↑