കിണറ്റിൻ കരയിലെ സമർപ്പണം !! കിണറ്റിൻകരയിലെ മുറുമുറുപ്പുകൾ കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത് . കപ്പിയും കയറും ബക്കറ്റും തമ്മിൽ രാവിലെ മുതൽ തീപാറിയ സംഭാഷണമാണ് . എന്താ ഒരു വട്ടമേശ സമ്മേളനം ഞാനവരോട് ചോദിച്ചു . അറിഞ്ഞിട്ടിപ്പോൾ എന്തു വേണം അവർ പ്രതികരിച്ചു. എല്ലാവരും വല്ലാത്ത ചൂടിലാണല്ലോ, പരിഹാരമില്ലാത്ത കാര്യമില്ലല്ലോ. നിങ്ങള് പറയ്... ഞാൻ അവരെ സമാധാനിപ്പിക്കാൻ ശ്രമം നടത്തി. ഭായി, ബഡാ പ്രശ്നം തന്നെ!.. കണ്ണുതുടച്ചു കൊണ്ട് ബക്കറ്റ് പറഞ്ഞു. ഇതിനിടയ്ക്ക് നീ ഹിന്ദി പഠിച്ചോ? ഞാൻ സംശയം പ്രകടിപ്പിച്ചു. അതിവിടെ വെള്ളം കോരാൻ വരുന്ന ബംഗാളിയിൽ നിന്നും തോടാ തോടാ പഠിച്ചതാണ്... ബക്കറ്റ് പറഞ്ഞു. കം ടു ദ പോയിന്റ്.. കയർ ദേഷ്യപ്പെടാൻ തുടങ്ങി. ഇതു കണ്ടില്ലേ, എന്റെ ദേഹം മുഴുവൻ തട്ടിയും മുട്ടിയും മുറിപ്പാടുകൾ വന്നിരിക്കുന്നു . എന്നെ വാങ്ങിയപ്പോൾ എങ്ങനെയായിരുന്നു നിനക്കറിയാമല്ലോ.. കടയിലെ ഏറ്റവും നല്ല ബക്കറ്റ് ആയിരുന്നു ഞാൻ, അന്ന് എന്ത് ഭംഗിയായിരുന്നു.. എത്ര തിളക്കമായിരുന്നു. ഇപ്പോൾ കണ്ടില്ലേ കിണറ്റിനകത്തെ പൊടിയും ചെളിയും ദേഹത്താകെ പറ്റിയിരിക്കുന്നു . ആകെ തുരുമ്പ് പിടിച്ച് കോലം കെട്ടു .. ബക്കറ്റ് പതിയെ കരയാൻതുടങ്ങി. അവന്റെ പറച്ചിൽ കേട്ടാൽ തോന്നും 'മിസ്റ്റർ വേൾഡ് ബക്കറ്റ് ' മത്സരത്തിന് പങ്കെടുക്കാൻ പോകുകയായിരുന്നെന്ന്... അവന് മാത്രമല്ല എനിക്കും ഉണ്ട് പരാതി, കപ്പി പറഞ്ഞു. നൂറേ നൂറിൽ കറങ്ങിക്കൊണ്ടിരുന്ന ആളാണ് ഞാൻ, ഇപ്പോൾ വെള്ളം കോരാൻ വരുന്നവരൊക്കെ എന്റെ ശബ്ദം കേട്ട് തുറിച്ചു നോക്കും. പാറയിൽ ചിരട്ട ഉരക്കുന്നതുപോലെ കറകറ ശബ്ദം.. എനിക്ക് ഈ ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു . വല്ലപ്പോഴും അൽപം എണ്ണ തന്ന് എന്റെ ദാഹം തീർക്കാൻ പോലും ആളില്ലാ... . കിണറ്റിനും ആകാശത്തിനും നടുക്ക് ബന്ധിക്കപ്പെട്ട് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എനിക്കും വേണ്ടേ ഒരു മോചനം'.. തൊണ്ടയിടറി കൊണ്ട് കപ്പിയും വിഷമങ്ങളുടെ കെട്ടുകൾ തുറന്നു. എനിക്കുമുണ്ട് പരാതി.. മുരടനക്കി കൊണ്ട് കയർ പറയാൻ തുടങ്ങി. ഓരോതവണ കിണറ്റിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ എന്റെ ഓരോ ഇഴകളും പൊട്ടിയും വിണ്ടുകീറിയും പോയികൊണ്ടിരിക്കുന്നു . നിറം മങ്ങി ... ശക്തി ക്ഷയിച്ചു: പഴയതു ഭാരം വലിക്കാൻ പറ്റാത്തതുപോലെ .. ഇനിയും മുന്നോട്ടു പോകാനാവില്ല.. കയർ തേങ്ങിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു നമുക്ക് പരിഹാരമുണ്ടാക്കാം. ദാ, ആ പെൺകുട്ടിയെ അറിയാമോ എന്ന് നോക്കൂ ... അറിയാം അറിയാം എല്ലാദിവസവും രാവിലെയും വൈകുന്നേരവുമായി വന്നുപോകുന്ന പെൺകുട്ടിയല്ലേ. ആ കൊച്ചിന്റെ കാര്യം വലിയ കഷ്ടമാണ്. ആ വീട്ടിലെ മുതിർന്നവർ ഇവിടെ വന്ന് ഇതുവരെ കണ്ടിട്ടില്ല . അവളെ പരിചയപ്പെടുന്ന സമയത്ത് മൃദുവായ കൈകളായിരുന്നു. ഇപ്പോള് ആ കൈകൾ തൂമ്പാ പണിക്കാരന്റെ കൈ പോലെയായി കഴിഞ്ഞു... കയർ പറഞ്ഞു. ശരിയാണ്, സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണ്. ഒറ്റയ്ക്കാണ് വീട്ടുജോലികളെല്ലാം ചെയ്യുന്നത് . അച്ഛൻ മരിച്ചിട്ട് രണ്ടു വർഷം ആയി. അമ്മ രോഗിയായി കിടക്കുകയാണ്. ഞാൻ അവളെക്കുറിച്ച് പറയാൻ തുടങ്ങി. ഹലോ ഭയ്യാ ഇതൊക്കെ ഞങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യം . അവളെ സഹായിക്കാൻ ഞങ്ങൾക്ക് നിവർത്തിയില്ലല്ലോ... ബക്കറ്റ് നിസ്സഹായത പ്രകടിപ്പിച്ചു' . സുഹൃത്തുക്കളേ നിങ്ങൾ അവളെ എന്നും സഹായിക്കുന്നുണ്ട് . വാട്ട് യൂ മീൻ... കപ്പി ഒരു മുറി സായിപ്പായി. സത്യമാണ്, നിങ്ങൾ മൂന്നുപേരും ഉള്ളതുകൊണ്ടല്ലേ ആഴത്തിൽ കിടക്കുന്ന വെള്ളം അവൾക്ക് കോരിയെടുക്കാനും വീട്ടുജോലികൾ വേഗത്തിൽ തീർക്കാൻ കഴിയുന്നതും... ഞാൻ വിശദമാക്കി. നിങ്ങളുടെ മുറിവുകൾ ഒരുവിധത്തിൽ നിരവധി ആളുകൾക്ക് സഹായവും സന്തോഷവുമായിത്തീരുന്നുണ്ട്. നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹ്യ സേവനം തന്നെയാണ് . നിങ്ങളുടെ യജമാനൻ ഈ കിണറ്റിൽ ജോലിക്ക് നിയോഗിച്ചപ്പോൾ വേദനകളും വിഷമങ്ങളും ഉണ്ടാകുമെന്ന് അറിയാതെയല്ല . പക്ഷേ ഒരു കാര്യം അനേകർക്ക് സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ ചെറിയ മുറിപ്പാടുകളും വേദനകളും ഉണ്ടായേ മതിയാകൂ... ആ പെൺകുട്ടിയെ പോലെയുള്ളവർക്ക് കിണറ്റിൽ ഇറങ്ങി ചെന്ന് വെള്ളം കോരിയെടുക്കാൻ കഴിയില്ല . അവിടെ നിങ്ങളാണ് ആശയം .. ഞാൻ പറഞ്ഞു. അത് കറക്ട്, അപ്പോൾ ഞങ്ങൾ ചെയ്യുന്നത് ഈ സമൂഹത്തിനു ഗുണമാകുന്നുണ്ടല്ലേ . ഇനി ഞങ്ങൾ പൂർണ്ണമായി മുറുമുറുപ്പുകൾ മാറ്റിവെയ്ക്കാൻ തീരുമാനിക്കുന്നു.. കയർ പറഞ്ഞു. എങ്കിൽ നമുക്ക് പിന്നീട് കാണാം. ദാ ഒരമ്മ വരുന്നുണ്ട് , അവരുടെ ദാഹം തീർക്കാനും ആ അടുക്കളയിൽ രുചികരമായ ഭക്ഷണം ഉണ്ടാക്കുവാനും ഞങ്ങളെ ആവശ്യമുണ്ട്.. ഞങ്ങടെ ഈ മുറിപ്പാടുകൾ ഇനി സാരമില്ല. അവർ സന്തോഷത

